കുടുംബശ്രീ സൗജന്യ നൈപുണ്യ വികസന പദ്ധതികൾ
1. കോഴ്സുകൾ ഏതൊക്കെ ?
ടൂറിസം, ഹോസ്പിറ്റാലിറ്റി, ബ്രാൻഡിംഗ് & ഫിനാൻസ്, ഫുഡ് പ്രോസസ്സിംഗ്, ടെലികോം, കൺസ്ട്രക്ഷൻ, ലോജിസ്റ്റിക്സ്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ഹെൽത്ത് കെയർ, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി 24 മേഖലകളിലായി 165 ലധികം കോഴ്സുകളാണ് നിലവിൽ ഈ പരിശീലന പദ്ധതിയിൽ ഉള്ളത്. 3 മാസം മുതൽ ഒരു വർഷം വരെ കാലയളവുള്ള കോഴ്സുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഈ 24 മേഖലകളുടെ ലിസ്റ്റും കോഴ്സ് വിവരങ്ങളും അറിയുന്നതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. എത്ര മാസത്തെ പരിശീലനം?
കുടുംബശ്രീയിലൂടെ നൽകി വരുന്ന നൈപുണ്യ പരിശീലനത്തിന്റെ കാലാവധി 3 മാസം മുതൽ ഒരു വർഷം വരെയാണ്. കൂടാതെ എല്ലാ കോഴ്സുകളോടൊപ്പവും കമ്പ്യൂട്ടർ, ഇംഗ്ലീഷ്, സോഫ്ട് സ്കിൽ എന്നിവയിലും പരിശീലനം നൽകി വരുന്നു. എല്ലാ കോഴ്സുകളിലും ഓൺ ദി ജോബ് ട്രെയിനിംഗും നൽകി വരുന്നുണ്ട്.
3. പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത് എവിടെ വച്ചാണ്?
189 പരിശീലന സ്ഥാപനങ്ങളെ കുടുംബശ്രീ നടപടിക്രമങ്ങൾ പാലിച്ച് തെരഞ്ഞെടുത്തിട്ടുണ്ട്. ഈ പരിശീലന ഏജൻസികൾ വഴിയാണ് കോഴ്സുകൾ സംഘടിപ്പിക്കുന്നത്. നൈപുണ്യ പരിശീലന മേഖലകളിൽ വർഷങ്ങളുടെ പ്രാഗത്ഭ്യവും അനുഭവ സമ്പത്തുമുള്ള ഈ ഏജൻസികൾ പരിശീലനം നടത്തുന്നത് സെക്ടർ സ്കിൽ കൗൺസിൽ അംഗീകരിച്ച സിലബസ് പ്രകാരമാണ്. കൃത്യമായ പരിശീലന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ഓരോ പരിശീലന സ്ഥാപനവും പ്രവർത്തിച്ചു വരുന്നത്. റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ കോഴ്സുകളിലാണ് നിലവിൽ പരിശീലനം സംഘടിപ്പിച്ചു വരുന്നത്. ആയതിനാൽ നിലവിൽ സ്വന്തം ജില്ലയിൽ അഭിരുചിയ്ക്കനുസരിച്ച കോഴ്സുകൾ ലഭ്യമല്ലെങ്കിൽ മറ്റ് ജില്ലകളിൽ പോയി പരിശീലനത്തിന് പങ്കെടുക്കുന്നതിന് റസിഡൻഷ്യൽ സൗകര്യവും ലഭ്യമാണ്. ഓരോ ഏജൻസികളുടെ വിവരങ്ങളും അവർ നിലവിൽ നടത്തി വരുന്ന കോഴ്സുകളും നിലവിൽ അനുവദിച്ചിരിക്കുന്നതും എന്നാൽ സമീപ ഭാവിയിൽ നടത്തേണ്ടതുമായ കോഴ്സുകളുടെ വിവരങ്ങൾ അറിയുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
4. സർട്ടിഫിക്കറ്റ് ലഭ്യമാണോ?
മുഴുവൻ കോഴ്സുകൾക്കും കാലാവധി പൂർത്തീകരിക്കുന്ന മുറയ്ക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. പരിശീലനം കൃത്യമായി പൂർത്തീകരിക്കുന്ന മുറയ്ക്ക് സെക്ടർ സ്കിൽ കൗൺസിൽ നടത്തുന്ന പരീക്ഷ എഴുതേണ്ടതും പ്രസ്തുത പരീക്ഷ പൂർത്തീകരിക്കുന്ന മുറയ്ക്ക് സെക്ടർ സ്കിൽ കൗൺസിലിന്റെ ദേശീയ അന്തർദേശീയ തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ പരിശീലനാർത്ഥികൾക്ക് ലഭ്യമാക്കുന്നതുമാണ്.
5. പരിശീലനം പൂർണ്ണമായും സൗജന്യമാണോ?
കുടുംബശ്രീയിലൂടെ നടത്തി വരുന്ന നൈപുണ്യ പരിശീലനങ്ങൾ പൂർണമായും സൗജന്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജനയും 100% കേരള സർക്കാർ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി നടത്തി വരുന്ന യുവകേരളം പദ്ധതിയുമാണ് തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനത്തിനായി കുടുംബശ്രീ നിലവിൽ നടത്തി വരുന്നത്. കോഴ്സുകളുടെ തരത്തിനും കാലാവധിയ്ക്കും അനുസരിച്ച് ശരാശരി 60,000 രൂപ മുതൽ 1,05,000 രൂപ വരെയാണ് പരിശീലനത്തിനായി കുടുംബശ്രീ വകയിരുത്തിയിട്ടുള്ളത്. കൂടാതെ താമസം, ഭക്ഷണം, യാത്ര, യൂണിഫോം, പഠനസാമഗ്രികൾ എന്നിവയും പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകി വരുന്നു.
6. എങ്ങനെ രജിസ്റ്റർ ചെയ്യാം? രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി ഉണ്ടോ?
സി.ഡി.എസ് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള നൈപുണ്യ രജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും തുടർന്ന് ബ്ലോക്ക് തലത്തിൽ നടത്തി വരുന്ന മൊബിലൈസേഷൻ ക്യാമ്പിൽ പങ്കെടുക്കാവുന്നതും താൽപര്യമുള്ള അർഹരായവർക്ക് ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജനയിലും യുവകേരളം പദ്ധതിയിലും പരിശീലനം നേടാവുന്നതാണ്.
ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജന പദ്ധതി (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ പരിശീലനത്തിനായി (ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കൾ മാത്രം) കൗശൽ പഞ്ചി എന്ന ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജന പദ്ധതി, യുവകേരളം പദ്ധതി എന്നിവയ്ക്കായി ഗൂഗിൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ജില്ലാടിസ്ഥാനത്തിലുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ് .
രജിസ്റ്റർ ചെയ്യുന്നതിന് അവസാന തീയതി ഇല്ല. ഇത് ബഹുവർഷ പദ്ധതിയായതിനാൽ 2020-21, 2021-22 കാലയളവിലും ഈ പദ്ധതി തുടരുന്നതാണ്. ആദ്യഘട്ടത്തിലുള്ള ബാച്ചിൽ അഡ്മിഷൻ ലഭിച്ചില്ലെങ്കിൽ പോലും അടുത്ത ഘട്ടത്തിൽ അഡ്മിഷൻ ലഭ്യമാകുന്നതാണ്. എന്നിരുന്നാലും ഏറ്റവും പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്താൽ സംഘടിപ്പിക്കുന്ന എല്ലാ മൊബിലൈസേഷൻ ക്യാമ്പുകളിലും പങ്കെടുക്കാൻ സാധിക്കുന്നതാണ്. ദീൻ ദയാൽ ഉപാധ്യായ കൗശല്യ യോജന പദ്ധതി ഗ്രാമീണ മേഖലയിലുള്ള യുവതീ യുവാക്കൾക്കായും യുവകേരളം പദ്ധതി നഗര ഗ്രാമ വ്യത്യാസമില്ലാതെ യുവതീ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകുന്നു.
7. ജോലി സാധ്യത എത്രയാണ്?
പരിശീലനം പൂർത്തീകരിക്കുന്നവരിൽ 70% കുട്ടികൾക്കും പ്ലേസ്മെന്റ് കൊടുക്കണമെന്ന നിബന്ധനയിലാണ് ഏജൻസികൾക്ക് പരിശീലനത്തിനുള്ള ടാർഗറ്റ് അനുവദിച്ചിരിക്കുന്നത്. അതിനാൽ തന്നെ 100 കുട്ടികൾ പരിശീലനം പൂർത്തീകരിക്കുമ്പോൾ ചുരുങ്ങിയത് 70 കുട്ടികൾക്ക് ജോലി ലഭ്യമാകുന്നതാണ്. കുടുംബശ്രീ കേരളത്തിൽ നാളിതുവരെ 57,501 പേരുടെ നൈപുണ്യ പരിശീലനം പൂർത്തീകരിക്കുകയും ഇതിൽ 41,590 പേർക്ക് ജോലി ലഭ്യമാക്കാനും ഈ പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്.
8. തുടക്കത്തിൽ എത്ര ശമ്പളം ലഭിക്കും?
9. മുമ്പ് പരിശീലനം നേടിയവരുടെ വിവരങ്ങൾ ലഭ്യമാണോ? അറിയാൻ സാധിക്കുമോ?
57,501 പേരാണ് പരിശീലനം നേടിയത്. ഇതിൽ പലരും ഇന്ന് വിവിധ ഭാഗങ്ങളിൽ മികച്ച നിലയിൽ ജോലി ചെയ്തു വരുന്നു. അലുമിനിയെ പറ്റിയുള്ള പുസ്തകം ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.