മഞ്ജൂ... നീയെന്നെ കരയിച്ചു... സംശയിക്കണ്ട, സന്തോഷം കൊണ്ട് തന്നെ...
തൃശൂർ ആളൂർ ഗ്രാമപഞ്ചായത്തിലെ എ.ബി.സി ഗ്രൂപ്പംഗമാണ് മഞ്ജു. (തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി തിരികെ പിടിച്ച സ്ഥലത്ത് കൊണ്ടു വിടുന്ന പദ്ധതിയാണ് എ.ബി.സി) ഇനി മഞ്ജു പറയട്ടെ...
"ഞാൻ ആളൂർ പഞ്ചായത്തിലെ ജെൻഡർ റിസോഴ്സ് പേഴ്സൺ ആണ്. ഒരു ദിവസം സി.ഡി.എസ്സ് ചെയർപേഴ്സണാണ് ജില്ലയിൽ എ.ബി.സി പദ്ധതി ആരംഭിക്കാൻ പോകുന്ന വിവരം പറയുന്നത്. വിശദമായി കാര്യങ്ങൾ കേട്ടപ്പോൾ പേടിയാണ് തോന്നിയത്, കാരണം രക്തം കാണുന്നത് എനിക്ക് പേടിയാണ്... പിന്നെ കാഷ്ഠം, ഛർദ്ദിൽ ഇതൊക്കെ കണ്ടാൽ ഛർദ്ദിക്കും. വേണ്ടാന്ന് വച്ചാലോയെന്ന് ചോദിച്ചപ്പോ സി.ഡി.എസ് പറഞ്ഞു പോയി നോക്കു, പറ്റിയില്ലേൽ ഇനി പോകണ്ട എന്ന്. എന്തായാലും പോയി നോക്കാമെന്ന് കരുതി, ചെന്നപ്പോ തന്നെ കാണുന്ന കാഴ്ച സർജറിയാണ്, നിറയെ ചോര... ഇന്നത്തോടെ ഇത് മതിയെന്ന് ചിന്തിച്ചാണ് വീട്ടിലേയ്ക്ക് പോയത്. പക്ഷേ പിറ്റേന്നും കൂടെയുളള കുട്ടിയെയും കൂട്ടി പോയി. സാവകാശം അറപ്പ് മാറി. ഒരു ഞായറാഴ്ച കൂട്ടിലുളള നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനായി ഭർത്താവിനെയും കൂട്ടി പോയി, അവിടെ ചെന്ന് കൂട്ടിലെ കാഷ്ഠവും മറ്റവശിഷ്ടങ്ങളും വൃത്തിയാക്കുന്ന കാഴ്ച കണ്ട് ഭർത്താവ് അവിടെ നിന്നും മാറിക്കളഞ്ഞു. സാവകാശം നായ്ക്കളെ അനസ്തേഷ്യയ്ക്കായി കുരുക്കിൽ പിടിച്ചു കൊടുക്കാനും വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞാൽ കൂട്ടിലേയ്ക്ക് മാറ്റാനുമൊക്കെ പഠിച്ചു.
29 ദിവസം പോയി, 13 ദിവസവും ശസ്ത്രക്രിയയുണ്ടായിരുന്നു. ഒടുവിൽ 25000 രൂപ കിട്ടി. സന്തോഷം കൊണ്ട് മിഠായിയും വാങ്ങി സി.ഡി.എസ് ഓഫീസിലേയ്ക്ക് ചെന്നപ്പോൾ ഒരു സി.ഡി.എസ് മെമ്പർ ചോദിച്ചത് കൈ കഴുകിയിട്ടാണോ ഇതുമായി വന്നത് എന്നായിരുന്നു, മാത്രമല്ല അവർ ആ മിഠായി കഴിച്ചതുമില്ല. ഏറ്റവും സന്തോഷിച്ചത് കിട്ടിയ തുക ഭർത്താവിനെ ഏൽപിച്ചപ്പോഴായിരുന്നു, രണ്ടുപേരും കരഞ്ഞു. അടുത്ത ദിവസം ഭർത്താവ് ഒരിടത്തേയ്ക്ക് പോകണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി, ഒരു ജ്വല്ലറിയിലേയ്ക്കാണ് പോയത്. ഞാനെപ്പോഴും പറയുമായിരുന്നു ഒരു സ്വർണ്ണവള ഇടണമെന്ന്, അത് വാങ്ങിത്തന്നു. ഒരിക്കലും ഇത് പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യരുതെന്ന് പറഞ്ഞു...."
ഇത്രയും പറഞ്ഞ് മഞ്ജു ഇടതു കൈയിലെ വളയുയർത്തി കാണിക്കുമ്പോൾ സദസ്സിലെ ബഹുഭൂരിപക്ഷവും കണ്ണു തുടയ്ക്കുകയായിരുന്നു...
എ.ബി.സി പദ്ധതിയുടെ ക്യാമ്പയിന്റെ സമാപനത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുമുളള സംരംഭകർ അനുഭവം പങ്കു വെച്ചു.
കുടുംബശ്രീയ്ക്ക് ഇതു കഴിയില്ലെന്ന പറച്ചിലുകൾക്ക് തിരിച്ചടി കൂടെയായിരുന്നു ഈ വേദി....