Alappuzha Municipality
2
52
1168
17520
1112
20
ആഴിയുടെയും പുഴകളുടെയും” അഥവാ “അറബിക്കടലിന്റെയും, മദ്ധ്യകേരളത്തില്‍ നിന്നൊഴുകിയെത്തുന്ന പുഴകളുടെയും” ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേര് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ആലപ്പുഴ പട്ടണത്തിലൂടെയൊഴുകുന്ന വാടത്തോടിന്റെ തെക്കുള്ള പ്രദേശം പുരാതനകാലത്ത് ചെമ്പകശ്ശേരി രാജാവിന്റെ അധീനതയിലും, വടക്കുള്ള പ്രദേശം പഴയ കൊച്ചി രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന കരപ്പുറം പ്രദേശത്തിന്റെ ഭാഗവുമായിരുന്നു. ഇരു രാജ്യങ്ങളേയും വേര്‍തിരിച്ചിരുന്ന കോട്ടയും അതിനോടു ചേര്‍ന്ന കിടങ്ങുമാണ് പിന്നീട് വാടത്തോടായി പരിണമിച്ചത്. അമ്പലപ്പുഴ തലസ്ഥാനമാക്കി, പുറക്കാട് മുഖ്യ വ്യാപാരകേന്ദ്രമായി കുട്ടനാടുള്‍പ്പടെയുള്ള പ്രദേശം ചെമ്പകശ്ശേരി രാജാവായിരുന്നു ഭരിച്ചിരുന്നത്. ചെമ്പകശ്ശേരി രാജാവ് അറേബ്യ, ചൈന, സിലോണ്‍ മുതലായ രാജ്യങ്ങളില്‍ നിന്നെത്തിയിരുന്ന വ്യാപാരികളുമായി പുറക്കാടു വഴി കയറ്റിയിറക്കു വ്യാപാരം നടത്തിയിരുന്നു. പണ്ടുകാലം മുതല്‍ തന്നെ ഭാരതത്തിന്റെ പശ്ചിമതീരത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന ഡച്ചുകാര്‍ , പോര്‍ച്ചുഗീസുകാര്‍ , അറബികള്‍ മുതലായവര്‍ പുരാതന തുറമുഖ നഗരമായ ആലപ്പുഴയെ ഏറ്റവും സൌകര്യമുള്ള വാണിജ്യകേന്ദ്രമെന്ന നിലയില്‍ അംഗീകരിച്ചിരുന്നു. വാണിജ്യമേഖലയിലെ മികവ് ആലപ്പുഴനഗരത്തെ “കിഴക്കിന്റെ വെനീസ്” എന്ന ബഹുമതിമുദ്ര കൈവരിക്കുവോളം ഉയര്‍ത്തി. “കപ്പലുകള്‍ ഏത് കാലാവസ്ഥയിലും സുരക്ഷിതമായി നങ്കൂരമുറപ്പിച്ച് നിര്‍ത്തുവാനും, ചരക്കുകള്‍ ഭദ്രമായി നിര്‍ബാധം കയറ്റിറക്ക് നടത്തുവാനും ഏറ്റവും അനുയോജ്യമായ തുറമുഖം” എന്നാണ് 1901-ലെ സെന്‍സസ് റിപ്പോര്‍ട്ടില്‍ ആലപ്പുഴയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. മൈസൂറും തിരുവിതാംകൂറുമായുണ്ടായ രണ്ടാമത്തെ യുദ്ധത്തിലെ ചെലവുകളുടെ ആവശ്യത്തിനുവേണ്ടി ഇംഗ്ലീഷ് കച്ചവടക്കാരില്‍ നിന്നും തിരുവിതാംകൂര്‍ കടം വാങ്ങിയ ഭീമമായ തുക കൊടുത്തുതീര്‍ത്തത്, ആലപ്പുഴ തുറമുഖത്തു നിന്നുണ്ടായ വരുമാനം ഉപയോഗിച്ചുകൊണ്ടായിരുന്നു. കേരളത്തിന്റെ കരയില്‍ നഗരാസൂത്രണത്തിന്റെ ഹരിശ്രീ കുറിച്ചത് ആലപ്പുഴയുടെ മണ്ണിലായിരുന്നു. ക്രാന്തദര്‍ശിയും തിരുവിതാംകൂറിലെ വലിയ ദിവാന്‍ജിയുമായിരുന്ന രാജാ കേശവദാസ് ആയിരുന്നു അതിന് നേതൃത്വം വഹിച്ചത്. ആലപ്പുഴ തുറമുഖവും നഗരവും നിര്‍മ്മിക്കുകയും ഈ നഗരത്തെ ഒരു പ്രമുഖ വാണിജ്യകേന്ദ്രമാക്കി വളര്‍ത്തുകയും ചെയ്തത് രാജാ കേശവദാസ് ആയിരുന്നു. ആലപ്പുഴയുടെ വ്യവസായ വളര്‍ച്ചയ്ക്ക് രാജാ കേശവദാസും വേലുത്തമ്പിദളവയും നല്‍കിയ സംഭാവനകള്‍ മറക്കാവതല്ല. 1762-ല്‍ ആലപ്പുഴ തുറമുഖത്തിന്റെ പണി ആരംഭിച്ചു. ക്യാപ്റ്റന്‍ ഫ്രാങ്കിഫോര്‍ഡ് എന്ന യൂറോപ്യന്‍ എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴയില്‍ ഒരു ലൈറ്റ് ഹൌസും പണിതു. 1786-ല്‍ ആലപ്പുഴയില്‍ ആദ്യത്തെ കപ്പല്‍ അടുത്തു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്ക് തിരുവിതാംകൂര്‍ പ്രദേശത്ത് ആദ്യമായി തുടക്കം കുറിച്ചത് ആലപ്പുഴയിലാണ്. ഏതാണ്ട് ബ്രിട്ടണിലെ പോസ്റ്റോഫീസിന്റെ അതേ മാതൃകയില്‍ 1857-ല്‍ ആലപ്പുഴയില്‍ തപാല്‍ സംവിധാനവും നിലവില്‍ വന്നു. നാളികേരത്തില്‍ നിന്ന് കൊപ്ര വേര്‍തിരിച്ചെടുക്കലും അതില്‍ നിന്ന് വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കലും ആദ്യകാലം മുതല്‍ ആലപ്പുഴയിലെ ഒരു പ്രധാന വ്യവസായമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആലപ്പുഴ കേരളത്തിലെ ഏറ്റവും വലിയ മലഞ്ചരക്ക് വ്യാപാരകേന്ദ്രമായി മാറി. മലഞ്ചരക്കു വ്യവസായത്തോടൊപ്പം കൊപ്ര, കയര്‍ വ്യവസായങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സ്ഥാപിക്കപ്പെട്ടു. ഡാറാസ് മെയില്‍ എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി 1859-ല്‍ ആലപ്പുഴയില്‍ സ്ഥാപിതമായി. ആലപ്പുഴയിലെ ലേബര്‍ അസോസിയേഷന്‍ ആയിരുന്നു കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയന്‍ . 1925-ല്‍ സംഘടനയുടേതായി “തൊഴിലാളി” എന്ന വാരിക തുടങ്ങി. ബ്രിട്ടീഷ്ഭരണത്തിനെതിരെ ആഞ്ഞടിച്ച സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റ് ഇന്ത്യാരാജ്യത്തെ കിടിലം കൊള്ളിച്ചപ്പോള്‍ ആലപ്പുഴയിലെ ദേശാഭിമാനപ്രചോദിതര്‍ ഒന്നടങ്കം ദേശീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നു. അക്കാലത്തെ കോണ്‍ഗ്രസ്സ് നേതാക്കളില്‍ പ്രമുഖനായിരുന്നു കെ.കെ.കുഞ്ചുപിള്ള. ആലപ്പുഴയുടെ ചരിത്രത്തില്‍ അവിസ്മരണീയമായ നിരവധി സംഭവവികാസങ്ങളില്‍ പലതിനും സാക്ഷ്യം വഹിച്ചത് കിടങ്ങാംപറമ്പു മൈതാനിയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരപരിപാടിയായിരുന്നു വിദേശ വസ്ത്ര ബഹിഷ്ക്കരണം. വിദേശ വസ്ത്രങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നും സംഭരിച്ച് എത്തിയ ജാഥകള്‍ , അവ കിടങ്ങാംപറമ്പു മൈതാനിയില്‍ കൂട്ടിയിട്ട് ചുട്ടുകരിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ആലപ്പുഴയിലെ മദ്യവര്‍ജ്ജന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖര്‍ കെ.കുമാരനും കാര്‍ത്ത്യായനി അമ്മയും ആയിരുന്നു. ഖാദി പ്രസ്ഥാനവും, ഹിന്ദി പ്രചാരണവും പട്ടണത്തിലെവിടെയും ശക്തമായിരുന്നു. ആലപ്പുഴയില്‍ നടന്ന ദേശീയപ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തിലെ ശ്രദ്ധേയമായ സംഭവങ്ങള്‍ തത്തംപള്ളിയില്‍ നടന്ന കോണ്‍ഗ്രസ്സ് സമ്മേളനവും, 1945-ലെ പുന്നപ്ര സമ്മേളനവുമായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന സമ്മേളനമായിരുന്നു പുന്നപ്ര സമ്മേളനം. പട്ടം താണുപിള്ളയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ പട്ടണത്തിലെ പ്രക്ഷോഭണരംഗങ്ങളിലാകെ തന്നെ നിറഞ്ഞുനിന്നിരുന്ന ഒരു ജനനായകനായിരുന്നു ശ്രീകണ്ഠന്‍ നായര്‍ . സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണ്ണായകമായ നാളുകളില്‍ ജവഹര്‍ലാല്‍ നെഹ്രു ഇവിടം സന്ദര്‍ശിച്ചത് ആവേശം പകര്‍ന്ന ചരിത്രസംഭവമാണ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ 1946 സെപ്റ്റംബര്‍ 25-ന് ആലപ്പുഴയില്‍ ഒരു പ്രത്യേക ട്രേഡ് യൂണിയന്‍ സമ്മേളനം, 50 യൂണിയനുകളില്‍ നിന്ന് 85 പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ട് വിളിച്ചുകൂട്ടുകയുണ്ടായി. പ്രായപൂര്‍ത്തി വോട്ടവകാശം, പരിപൂര്‍ണ്ണമായ ഉത്തരവാദഭരണം, തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് തുടങ്ങിയ ആവശ്യങ്ങളുമായി കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ പണിമുടക്കിനിറങ്ങി. ഈ സമരം കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രവര്‍ത്തനങ്ങളുടെ ചരിത്രവും ഈ മണ്ണില്‍ നിന്നാണ് ആരംഭിക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ ആദ്യയോഗം ചേര്‍ന്നതുതന്നെ വനിതാ തൊഴിലാളിയായ ജാനകിയുടെ അധ്യക്ഷതയിലായിരുന്നു. ആലപ്പുഴയിലെ ഗ്രന്ഥശാലാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് വി.ജി.പണിക്കര്‍ ആയിരുന്നു. അദ്ദേഹമാണ് “ആനന്ദപ്രദായിനി” ഗ്രന്ഥശാല ആരംഭിച്ചത്. 1832-ല്‍ സ്ഥാപിക്കപ്പെട്ട കോമ്പൌണ്ട് സി.എം.എസ് എല്‍ പി എസ് ആണ് ആലപ്പുഴയിലെ ആദ്യത്തെ വിദ്യാലയം. മുല്ലയ്ക്കല്‍ , തോണ്ടന്‍കുളങ്ങര, കിടങ്ങാംപറമ്പ് ക്ഷേത്രങ്ങള്‍ , ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രം, ആലപ്പുഴ കടപ്പുറത്ത് കാണുന്ന ജൈന ദേവാലയം, ഗുജറാത്തി രാമക്ഷേത്രം, ഗോസായി മഠം എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍ . 1581-ല്‍ അര്‍ത്തുങ്കല്‍ പള്ളിയും, 1589-ല്‍ കാട്ടൂര്‍ പള്ളിയും, 1600-ല്‍ തുമ്പോളി പള്ളിയും സ്ഥാപിക്കപ്പെട്ടു. നഗരത്തിലൂടെ കടന്നു പോകുന്ന എന്‍ എച്ച്-47 ആണ് ആലപ്പുഴ നഗരത്തിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാന ഗതാഗതപാത. ഇവിടുത്തെ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ പ്രധാനം വര്‍ഷംതോറും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച നടക്കാറുള്ള നെഹ്രു ട്രോഫി ജലമഹോത്സവമാണ്. പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും ഉയരമേറിയ ദീപസ്തംഭമാണ് ആലപ്പുഴയിലെ സുപ്രസിദ്ധമായ ലൈറ്റ്ഹൌസ്. അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ പറുദീസയായ ഇവിടം കെട്ടുവള്ളങ്ങളുടെ നാടെന്ന നിലയിലും പ്രസിദ്ധമാണ്. നഗരത്തിലെ ജലാശയങ്ങളിലൂടെ കെട്ടുവള്ളങ്ങളില്‍ ജലയാത്ര നടത്തുന്നതിന് ധാരാളം സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നു. കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ. വിവിധയിനത്തിലുള്ള അപൂര്‍വ്വയിനം കടല്‍ - കായല്‍ മത്സ്യവിഭവങ്ങള്‍ ഈ നാടിന്റെ പ്രത്യേകതയാണ്.
Population - 177079
Male - 85708
Female - 91371
Literacy - 93.2
Male - 96.4
Female - 90.2