ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു Updated On 2026-05-22
തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്ന ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലെ മെന്റര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു. തൃശ്ശൂര്‍ കിലയില്‍ മെയ് 18 മുതല്‍ 21 വരെ രണ്ട് ബാച്ചുകളിലായി സംഘടിപ്പിച്ച പരിശീലനത്തില്‍ 210 പേര്‍ പങ്കെടുത്തു. തദ്ദേശീയ മേഖലയില്‍ കുടുംബശ്രീ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്ന പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, അട്ടപ്പാടി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ബ്രിഡ്ജ് കോഴ്‌സ് മെന്റര്‍മാരാണ് പരിശീലനത്തിന്റെ ഭാഗമായത്.
ദിവസേന വീടുകളില്‍ നിന്നും സ്‌കൂളില്‍ പോയി പഠനം നടത്തുന്ന ഉന്നതികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും നല്‍കിവരുന്ന വിദ്യാഭ്യാസ പിന്തുണാ പദ്ധതിയാണ് ബ്രിഡ്ജ് കോഴ്‌സ്. സംസ്ഥാനത്തെ എല്ലാ ബ്രിഡ്ജ് കോഴ്‌സ് സെന്ററുകളിലും ഏകീകൃത സിലബസ് നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടുകൂടി മോഡ്യൂള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചു. ആറ് വ്യത്യസ്ത മേഖലകളിലായി (ഭാഷാമൃതം, ഗണിതം മധുരം, പറയാം കേള്‍ക്കാം, പഠിക്കാന്‍ പഠിക്കാം, വരയും വാക്കും, സധൈര്യം സര്‍ഗ്ഗാത്മകം) കുട്ടികളുടെ പഠനനിലവാരം അനുസരിച്ച് പ്രാഥമിക പഠിതാവ്, മുന്നേറ്റ പഠിതാവ്, സ്വതന്ത്ര പഠിതാവ് എന്നിങ്ങനെ അടിസ്ഥാനപ്പെടുത്തിയാണ് മോഡ്യൂള്‍ തയാറാക്കിയത്.
കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം. പ്രഭാകരന്‍, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ഡാനിയേല്‍ ലിബ്‌നി, ഡോ. ബിറ്റര്‍. സി, ഡോ. രതീഷ് മാധവന്‍, സ്റ്റേറ്റ് കോര്‍ ടീം അംഗങ്ങളായ ജോമോന്‍ കെ ജെ, കെ. കെ. മുഹമ്മദ് സാനു, ആദര്‍ശ് പി. ദയാല്‍, പി. രത്‌നേഷ്, പി. സനൂപ്, ടി.വി. സായികൃഷ്ണന്‍ തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനാര്‍ത്ഥികള്‍ ചേര്‍ന്ന് തയാറാക്കിയ ഡ്രാഫ്റ്റ് മോഡ്യൂള്‍ സ്വീകരിച്ച് സമാപന ചടങ്ങിന്റെ ഉദ്ഘാടനം കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക്ക് നിര്‍വഹിച്ചു. തൃശൂര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ആദര്‍ശ് പി ദയാല്‍ നന്ദി പറഞ്ഞു.







